Sunday 27 March 2011

മുതലമടയിലെ മാന്തോപ്പുകള് < രിസാല>

മാങ്കോസിറ്റി എന്നറിയപ്പെടുന്ന മുതലമടയില്നിന്ന് ചില ആശങ്കകള്! കാലാവസ്ഥാ വ്യതിയാനം മൂലം മാവു പൂക്കാന് വൈകുന്നു. ത•ൂലം ഉല്പാദനം വൈകും. അങ്ങനെ സംഭവിച്ചാല് ആഗോളവിപണിയില് നേരത്തെയെത്തി പണം കൊയ്യുന്ന മുതലമട മാങ്ങയ്ക്ക് കച്ചവടം നഷ്ടപ്പെടും. അത് കര്ഷകരെ ദുരിതത്തിലാക്കും. ന്യായയുക്തമായ ആശങ്ക തന്നെ.
കാലാവസ്ഥാ മാറ്റവും കാലം തെറ്റിവന്ന മഴയും കേരളത്തിലെ കൃഷിക്കാരെ മൊത്തത്തില് ബാധിക്കുന്ന പ്രശ്നമാണ്. മുതലമടയെപ്പോലുള്ള പ്രതിവര്ഷം മുന്നൂറുകോടി രൂപയുടെ മാമ്പഴം കയറ്റുമതി ചെയ്യുന്ന ഒരു ചെറുപ്രദേശത്ത് അത് സൃഷ്ടിക്കുന്ന ആഘാതം കനത്ത തോതിലായിരിക്കും. നേരത്തെ വിപണിയിലെത്തുന്നു എന്നതാണ് മുതലമട മാങ്ങയുടെ പ്രത്യേകത. അതുമൂലം അന്താരാഷ്ട്ര മാമ്പഴ വിപണിയില് ഈ മാങ്ങയ്ക്ക് വലിയ പ്രിയമാണ്. ഏതാണ്ട് 4000 ഹെക്ടര് സ്ഥലത്ത് രണ്ടായിരത്തിഅഞ്ഞൂറോളം കൃഷിക്കാരാണ് ഇവിടെ മാമ്പഴകൃഷിയില് ഏര്പ്പെട്ടിട്ടുള്ളത്. അല്ഫോണ്സോ, മല്ഗോവ, സിന്ദൂരം, കലപ്പാടി, ബഗേനപിള്ളി, ഇമാമുദ്ദീന്, നീലം തുടങ്ങി നാടന് ചക്കരക്കുട്ട്യേന് വരെയുള്ള മാമ്പഴങ്ങള് മുതലമട പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലുമായി കൃഷി ചെയ്യുന്നു. 35000 ടണ് മാങ്ങയാണ് ഈ പ്രദേശത്ത് ഒരു കൊല്ലം ഉല്പാദിപ്പിക്കുന്നത്. ജനുവരിയില്തന്നെ വിപണിയില് മാമ്പഴമെത്തിച്ചാല് നൂറുകിലോ കൊള്ളുന്ന പാക്കറ്റൊന്നിന് തൊള്ളായിരം രൂപയെങ്കിലും കിട്ടും. വൈകിയാല് ഉത്തരേന്ത്യയില്നിന്നും മറ്റുമുള്ള മാമ്പഴങ്ങള് വന്നെത്തുകയും ഈ കച്ചവടം മുതലമടയിലെ കര്ഷകര്ക്ക് നഷ്ടപ്പെടുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മുതലമടയെ ചതിക്കുന്നത് ഇപ്രകാരമാണ്. നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്ത് തെ•ല മേഖലയില് ഗോവിന്ദപുരം മുതല് നെ•ാറ വരെ നീണ്ടുകിടക്കുന്ന അറുപതു ചതുരശ്രകിലോമീറ്റര് വിസ്തൃതിയിലുള്ള ഭൂ പ്രദേശത്താണ് പ്രധാനമായും മുതലമട മാങ്ങ കൃഷി ചെയ്യുന്നത്. മുതലമടയാണ് മാവുകള് സ്ഥിതി ചെയ്യുന്ന ഈ മേഖലയുടെ സിരാകേന്ദ്രം. മാത്രമല്ല ചിറ്റൂര് താലൂക്കിലെ പത്തു പഞ്ചായത്തുകളിലും വാണിജ്യാടിസ്ഥാനത്തില് മാവുകൃഷി വ്യാപിപ്പിക്കാവുന്നതാണ് എന്ന് നാട്ടുകാര് പറയുന്നു. എങ്കില് ഇപ്പോഴുള്ള മുന്നൂറു കോടി രൂപയുടെ വാര്ഷിക കയറ്റുമതി അഞ്ഞൂറു കോടി രൂപയുടെതാക്കി മാറ്റാന് കഴിയുമത്രെ. ആറേഴു മാസക്കാലം ആയിരക്കണക്കിന് ആളുകള്ക്ക് ജോലി നല്കാന് ഈ മാമ്പഴ വിപ്ളവത്തിന് സാധിക്കുമെന്നാണ് കര്ഷകരുടെ അവകാശവാദം. വിളവെടുപ്പു കാലമായ ജനുവരി മുതല് മെയ് വരെയുള്ള അഞ്ചുമാസക്കാലം മുതലമടയിലും പരിസരങ്ങളിലും ശരിക്കും ഉത്സവക്കാലമാണ്. പല സ്ഥലങ്ങളില്നിന്നും കച്ചവടക്കാര് മാമ്പഴം വാങ്ങാനെത്തുന്നു; മാങ്ങ നാട്ടില് തന്നെയിട്ട് പഴുപ്പിക്കുന്നു പശ്ചിമേഷ്യന് രാജ്യങ്ങളിലേക്കും മറ്റും നേരിട്ട് കയറ്റുമതി നടക്കുന്നു. ആകപ്പാടെ മാമ്പഴം കൊണ്ടൊരു പൂരം.
മുതലമട ഈ മാമ്പഴ വിപ്ളവം സാധിച്ചെടുത്തത് 'ഹൈടെക് കൃഷി' കൊണ്ടാണ്. മാമ്പഴം തരംതിരിക്കുന്നതിനും നിലവാരം നിശ്ചയിക്കുന്നതിനും പഴുപ്പിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമെല്ലാം അത്യാധുനിക രീതികളാണ് മുതലമടയില് പ്രയോഗിക്കുന്നത്. മാമ്പഴം പാകപ്പെടുത്തുന്നതിനും കയറ്റുമതി നടത്തുന്നതിനും വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യത്തെ ആധുനികസംവിധാനം മുതലമടയില് കഴിഞ്ഞകൊല്ലം ആരംഭിച്ചിട്ടുണ്ട്; ചിറ്റൂര് അഗ്രോപാര്ക്ക്. ബാംഗ്ളൂരിലെ ഇന്ത്യന് ഇന്സ്റിറ്റ്യൂട്ടേ ഓഫ് ഹോര്ട്ടികള്ച്ചര് റിസര്ച്ചാണ് പാര്ക്കിന്നു സാങ്കേതിക സഹായം നല്കുന്നത്. മാമ്പഴം പ്രോസസ് ചെയ്ത് കയറ്റുമതി നടത്തുന്നതിനുള്ള മാതൃകായൂണിറ്റായി ഹോര്ട്ടികള്ച്ചര് മിഷ്യന് കേരള പാര്ക്കിനെ അംഗീകരിച്ചു കഴിഞ്ഞു. 75 ലക്ഷം രൂപ ചെലവില് നിര്മിച്ച പാര്ക്കിന് നബാര്ഡിന്റെതാണ് ധനസഹായം.
ഇപ്പറഞ്ഞതില്നിന്ന് മുതലമടയിലെ മാങ്ങയുത്പാദനം വെറും കൃഷിയല്ല, വ്യവസായം കൂടിയാണെന്ന് മനസ്സിലായല്ലോ. വന് മുതല്മുടക്കോടു കൂടിയാണ് ഈ 'വ്യവസായം' നടന്നുപോകുന്നത്. മുതലമട മാങ്ങ വിപണിയില് സ്ഥാനം പിടിച്ചതിനു പിന്നില് കൃത്യമായ ആസൂത്രണമുണ്ടെന്നു വ്യക്തം. മാത്രമല്ല, മാംഗോ സിറ്റിയിലെ ജനങ്ങള്ക്ക് സമൃദ്ധിയെക്കുറിച്ച് കുറെക്കൂടി വര്ണ്ണശബളമായ സ്വപ്നമുണ്ട് താനും. റബ്ബര് ബോര്ഡിന്റെ മാതൃകയില് ഒരു മാംഗോ ബോര്ഡ് രൂപീകരിക്കണമെന്നും മാമ്പഴത്തിന് കാര്ഷിക വിളയുടെ സ്ഥാനത്തുനിന്ന് കയറ്റം നല്കി നാണ്യവിളയാക്കി മാറ്റണമെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കും പ്രൊസസിംഗിനും കയറ്റുമതിക്കും ആവശ്യമായ ധനസഹായം കിട്ടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ചുരുക്കത്തിന്റെ മാങ്ങയുടെ മാധുര്യമല്ല പണത്തിന്റെ കിലുക്കമാണ് കര്ഷകരുടെ സ്വപ്നങ്ങളില് കൂടുതലും. പക്ഷേ, 'മാവുകള്ക്കറിയുമോ മാനവാത്മാവിന് നോവും വേവും?' അവ കാലം തെറ്റി പൂക്കുന്നു. നേരം വൈകി കായ്ക്കുന്നു. എല്ലാ കണക്കുകൂട്ടലുകളും പിഴക്കുന്നു.
പക്ഷേ ഇങ്ങനെയൊരു 'മാമ്പഴവിപ്ളവം' വാണിജ്യാടിസ്ഥാനത്തില് സാധിച്ചെടുക്കുന്നതിന്ന് തങ്ങള് കൊടുക്കുന്ന വിലയെന്താണെന്ന് മുതലമടയിലെ കൃഷിക്കാര് അറിയുന്നില്ല എന്നതാണ് സത്യം. കീടങ്ങളെ നശിപ്പിക്കുവാന് വന്തോതില് രാസകീടനാശിനികളുപയോഗിച്ചാണ് അവിടുത്തെ കൃഷി. എന്ഡോസള്ഫാനാണ് പ്രധാനമായും ഉപയോഗിക്കുന്ന കീടനാശിനി. കാസര്ക്കോട്ടെ കശുമാവ് തോട്ടങ്ങളുടെ അതേ ദുര്ഗതി തന്നെയാണ് മുതലമടയിലെ മാന്തോപ്പുകള്ക്കുമുള്ളത്. ഉല്പാദനം വര്ധിപ്പിക്കുവാനുള്ള വ്യഗ്രതയില് മുതലമടയിലെ കര്ഷകര് കീടനാശിനികളുണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങളെക്കുറിച്ചോ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ ബോധവാ•ാരല്ല എന്നതാണ് സങ്കടം. രോഗങ്ങളുടെ രൂപത്തില് എന്ഡോസള്ഫാന് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. പ്രസ്തുത കീടനാശിനി നിരോധിച്ചിട്ടില്ലാത്ത തമിഴ്നാട്ടിനു തൊട്ടടുത്തു കിടക്കുന്നതിനാല് മുതലമടയിലേക്ക് അതിന്റെ ഒഴുക്ക് വളരെ എളുപ്പത്തില് സംഭവിക്കുകയും ചെയ്യുന്നു.
മാങ്ങ പഴുപ്പിക്കുന്നതിന്നും മുതലമടയിലെ കര്ഷകര് രാസവസ്തുക്കളെയാണ് ആശ്രയിക്കുന്നത്. 'തുംഗമാം മീനച്ചൂടില് തൈമാവിന് മരതകക്കിങ്ങിണി സൌഗന്ധികസ്വര്ണ' മായിത്തീരാനൊന്നും അവര് കാത്തുനില്ക്കുന്നില്ല. കാല്സ്യം കാര്ബൈഡുപയോഗിച്ചാണ് മാങ്ങ പഴുപ്പിക്കുന്നത്. ഈ പ്രക്രിയയില് ഉല്പാദിപ്പിക്കപ്പെടുന്ന അസിറ്റെലിന് വാതകം മൂലം കാന്സര് രോഗബാധക്ക് സാധ്യതയുണ്ട്. വ്യാവസായികാടിസ്ഥാനത്തില് മാമ്പഴം കൃഷി ചെയ്യുമ്പോള് അത് ആരോഗ്യ പ്രശ്നങ്ങള് സൃഷ്ടിക്കുമെന്ന് തീര്ച്ച. എന്നാല് അന്തര്ദേശീയ വിപണി ഇത്തരം രാസപ്രയോഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനാല് ഈയിടെയായി ജൈവകൃഷിയിലേക്ക് മുതലമടയിലെ കര്ഷകര് തിരിഞ്ഞിട്ടുണ്ടത്രെ. അതെത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം. അഭ്യന്തര വിപണിയെ ലക്ഷ്യംവച്ച് ഉല്പാദനം വര്ധിപ്പിക്കുമ്പോള് ജൈവകൃഷിയെ കര്ഷകര് നിരാകരിക്കാനാണ് സാധ്യത. ഏതായാലും ഇപ്പോഴത്തെ നിലക്ക് മുതലമടയിലെ മാങ്ങ രാസവിഷം പേറുന്ന ഉല്പന്നമല്ലെന്ന് തീര്ത്തു പറഞ്ഞുകൂടാ. എത്രത്തോളെ അവിടുത്തെ കൃഷി ജൈവമാവും എന്ന് അനുമാനിക്കാനും വയ്യ.
കീടനാശിനിയുടെത് കാസര്ക്കോടിന്റെയോ മുതലമടയുടെയോ മാത്രം പ്രശ്നമല്ല. രാജ്യത്തുടനീളം കീടനാശിനി പ്രയോഗം വ്യാപകമാണ്. പ്ളാന്റേഷന് കോര്പ്പറേഷന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ മുതുകാട് എസ്റേറ്റില് വന്തോതില് എന്ഡോസള്ഫാന് പ്രയോഗം നടത്തിയതിന്റെ തിക്തഫലങ്ങളെപ്പറ്റി ഈയിടെ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുകയുണ്ടായി. ഇടുക്കിയിലും എന്ഡോസള്ഫാന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു ഭാഗത്ത് ബോധവത്കരണവും എതിര് പ്രവര്ത്തനങ്ങളുമൊക്കെ നടക്കുകയും മറുവശത്ത് കീടനാശിനി ദുരന്തത്തിന്റെ രക്തസാക്ഷികള് 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലു'മെന്ന മട്ടില് ദിവസങ്ങള് തള്ളിനീക്കുകയും ചെയ്യുമ്പോഴും കീടനാശിനികള് താണ്ഡവനൃത്തമാടുക തന്നെയാണ്. ഈ അവസ്ഥയില് മുതലമടയിലെ മാന്തോപ്പുകള് ജൈവകൃഷിയിലേക്ക് മാറി എന്നെല്ലാം എങ്ങനെ വിശ്വസിക്കും?
അതിനാല് മാങ്കോസിറ്റി പ്രസരിപ്പിക്കുന്നത് കച്ചവടനഷ്ടത്തെക്കുറിച്ചുള്ള കര്ഷകരുടെ ആശങ്കകള് മാത്രമല്ല; ജീവനത്തെപ്പറ്റിയുള്ള ജനതയുടെ വിപദ്സൂചനകള് കൂടിയാണ്.